Friday 4 November 2011

ഓര്‍മ്മകളിലെ മഴ*ക്കാലം...........!!!!

നീ പെയ്തു തോര്‍ന്ന പുലരിയില്‍ എപ്പോഴോ മിഴിപൂട്ടിയ എന്‍റെ ആത്മാവില്‍ നീ നനച്ചു തന്ന ഓരൊ നിമിഷങ്ങളും
കിനാവായ് പെയ്തിറങ്ങുമ്പോള്‍...ഒരിക്കലും ഉണരാതിരുന്നെങ്കില്‍ എന്ന് ഉണര്‍ന്ന മാത്രയില്‍ ചിന്തിക്കുന്നതെന്തിനായിരുന്നു........??
എന്‍റെ ഹൃദയത്തില്‍ ഒരിക്കലും അണയാത്ത ഓര്മ്മകളുടേ കെടാവിളക്കും കൊളുത്തി ഇടക്കിടെ കണ്മുന്നില്‍ നിന്നു യാത്ര പറഞ്ഞകലുമ്പോഴും ...നിന്‍റെ സുന്ദരമായ നനവെന്‍റെ ശരീരത്തെ സ്പര്‍ശിക്കുന്നില്ലെങ്കില്‍ പോലും; 
നീ നനച്ചു തന്ന ഓര്‍മ്മകളെ ഒരു വേനല്‍ക്കാലത്തിനും എന്‍റെ മനസ്സില്‍ നിന്നു മായ്ക്കാനാവില്ല എന്ന് എന്നെ പഠിപ്പിച്ചു തന്നത് നീയായിരുന്നില്ലെ........!!!??
നീ വെറുമൊരു നീര്‍ത്തുള്ളിയല്ലെന്നും.. കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നു പെയ്തു വീഴുമ്പോള്‍ അറിയാതെ മനസ്സിലുണരുന്ന വികാരവിചാരങ്ങളെ കടിഞ്ഞാണിടാന്‍ എനിക്കു കഴിയില്ലെന്നു പഠിപ്പിച്ചതും നീ തന്നെയായിരുന്നു..!! മനസ്സില്‍ നിറയുന്ന സംശയങ്ങള്‍... നീ എവിടെ നിന്ന്.. എങ്ങിനെ പെയ്തൊഴിയുന്നു.......?പഠിച്ചതും അറിഞ്ഞതുമായ കാര്യങ്ങള്‍ അതല്ലെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം..!!കാരണം..ഭൂമിയിലും, അന്തരീക്ഷത്തിലും നടക്കുന്ന പ്രക്രിയകളുടേ താളം തെറ്റിയാല്‍ നീ നഷ്ടപ്പെടുമെന്നു എനിക്കെങ്ങിനെ സങ്കൽപ്പിക്കാന്‍ കഴിയും........?? അതല്ലാതെ.. വേവുന്ന ഹൃദയങ്ങള്‍ക്ക് നനവേകുവാനാണ് നീ പെയ്യുന്നതെന്നു വിശ്വസിച്ചു കാത്തിരിക്കുന്ന സുഖം.. ആ സുഖം മതിയെനിക്ക്.......!!!
നീ പെയ്തു തോരുന്ന ദിവസങ്ങളിലെപ്പോഴോ പടിഞ്ഞാറന്‍ സമുദ്രത്തില്‍ മുങ്ങിയ സന്ധ്യയെ രാത്രിമഴ*യുടെ ചെറുസംഗീതത്താല്‍ യാത്രയാക്കുന്നത് കണ്ട ദിനങ്ങള്‍ ..ഇപ്പോള്‍ അകന്നു പോയിരിക്കുന്നു...!!പകല്‍മുഴുവന്‍ ഭൂമിയെ പൊള്ളിപ്പിച്ച് പകലോന്‍ മായുമ്പോള്‍ ഒരാശ്വാസവാക്കുമായ് ഭൂമിയുടെ മാറില്‍ പെയ്തിറങ്ങി ചെറുചാലുകള്‍ തീര്‍ത്തു നീ ഒഴുകി നടക്കുമ്പോള്‍ ... 
മുള പൊട്ടുന്ന ജീവന്‍ കൊണ്ട് ‍..കാലത്തിന്‍റെ കവിളില്‍ കുളിര്‍സ്പര്‍ശം നിറക്കുന്നതു മാത്രമല്ല.. ഭൂമിയുടെ മേനിയിലും ഹരിതവര്‍ണ്ണങ്ങള്‍ പാകി സുന്ദരിയാക്കുന്നതും നീയല്ലാതെ മറ്റാരുമല്ലല്ലോ....!!
അടച്ചിട്ട ചില്ലുജാലക വാതിലിനുമപ്പുറം... നിന്‍റെ നേര്‍ത്ത സംഗീതം കാതുകളില്‍ അലയടിക്കുമ്പോള്‍ ...കറുത്ത കമ്പടം കൊണ്ടു മൂടിപ്പുതച്ചുറങ്ങുന്നതിനേക്കാള്‍...ഞാനിഷ്ടപ്പെട്ടിരുന്നതു പാതി തുറന്ന ജാലകവാതിലിന്‍റെ അഴികളില്‍ മുഖം താങ്ങി നിന്നിലേക്ക് തന്നെ മിഴികള്‍ തുറന്നു വെക്കുന്നതായിരുന്നു..!!
ഇടയ്ക്ക് നേര്‍ത്തു നൂലു പോലെ പെയ്തും ...ഇടയ്ക്ക് തോരാതെ പെയ്തും...പിന്നെ മുഴുവന്‍ ശക്തിയുമെടുത്ത് തിമിര്‍ത്തു പെയ്തും നിനവിന്‍റെ വീഥിയില്‍ നീ മാത്രമായ് നിറയുന്നു... !!
എന്‍റെ മനസ്സിലെ ഓര്‍മ്മകള്‍ക്ക് വരള്‍ച്ചയില്ലാതിരിക്കുന്നതും ഒരായുഷ്ക്കാലം മുഴുവനും ഓര്‍ക്കാന്‍ എന്‍റെ ഹൃദയത്തില്‍ നീ നനച്ച നിമിഷങ്ങള്‍ മതിയെനിക്ക്.......!!നീ പെയ്യാതെ പോകുന്ന സന്ധ്യകളിലൊരിക്കലും നിന്നോടു പരാതി പറയാറില്ലായിരുന്നു ഞാന്‍ ....!പക്ഷേ മനസ്സില്‍ പ്രതീക്ഷയുടെ തിരിനാളം കത്തിച്ചു വെച്ചു ..വിണ്ണിലുരുണ്ടു കൂടിയ കാര്‍മേഘങ്ങളെ പെയ്തൊഴിക്കാതെ
നീ മാഞ്ഞു പോകുമ്പോള്‍... മനസ്സില്‍ നിറയുന്ന വേദനക്ക് ഞാനെന്തു പേരിട്ടു വിളിക്കും.....!!??
നേര്‍ത്ത മൌനത്തേക്കാള്‍ ഞാനിഷ്ടപ്പെട്ടിരുന്നത് നിന്‍റെ വാചാലതയായിരുന്നു. ഒരിക്കലും നിര്‍ത്താതെ കലപില പറയുന്ന നിന്‍റെ കുസൃതികള്‍... തേങ്ങലുകള്‍... പിണക്കങ്ങളും പരിഭവങ്ങളും..!!ഇതൊക്കെയായിരുന്നു എന്നെ നിന്നില്‍ നിന്നും അകറ്റാതെ നിര്‍ത്തുന്ന കണ്ണികള്‍‍......!!
മനസ്സില്‍ വിഷാദമേഘങ്ങള്‍ വല്ലാതെ വേദനിപ്പിക്കുമ്പോള്‍.. അറിയാതെ ആശിച്ചു പോകുന്നതും നിന്‍റെ നനുത്ത സാമീപ്യത്തിനു വേണ്ടിയായിരുന്നു.....!!വേര്‍പാടും, വിരഹവും, ദുഃഖവുമെല്ലാം... നിന്‍റെ ഒരു പെയ്ത്തില്‍ അലിഞ്ഞലിഞ്ഞില്ലാതാവുന്നതു
എത്രയോ തവണ ഞാനറിഞ്ഞിരിക്കുന്നു.........!!!ഒരായിരം ഹൃദയങ്ങളുടെ ആശ്വാസവാക്കിനേക്കാള്‍ ശക്തിയും, നൈര്‍മ്മല്യവും, ആര്‍ദ്രതയും നിന്‍റെ നനുത്ത സ്പര്‍ശത്തിനു മാത്രമല്ലാതെ വേറെ എന്തിനു നല്‍കാന്‍ കഴിയും........!!
നീ പെയ്തു തോര്‍ന്ന മാത്രയില്‍ പറമ്പിലെ വൃക്ഷങ്ങളുടെ ചുവട്ടിലേക്ക് ഞാന്‍ യാത്രയാകുന്നത്..മരം പെയ്യുന്നതു കാണാനും..വലിയതുള്ളികളായ് നീ ഉതിര്‍ന്നു വീഴുമ്പോള്‍ താഴെ കരിയിലകളില്‍ നിന്നും ഉതിരുന്ന ക്രമം തെറ്റിയ സംഗീതവും ആസ്വദിക്കാന്‍ മാത്രമായിരുന്നില്ലെ..........??
അമ്പലപ്പറമ്പിലെ പഞ്ചാരമണലില്‍ കാൽപ്പന്തുകളിക്കിടയില്‍ നീ അപ്രതീക്ഷിതമായ് പെയ്തു വീഴുമ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായിരുന്നു ഞങ്ങള്‍ കൂട്ടുകാര്‍ക്ക്.........!!മഴയില്‍ നനഞ്ഞു കുതിര്‍ന്നു കളിക്കുമ്പോള്‍......ശിരസ്സിലൂടെ ഒഴുകിവരുന്ന മഴത്തുള്ളികള്‍ വിയര്‍പ്പുകണങ്ങളുമായ് അലിഞ്ഞു ചേര്‍ന്ന് ചുണ്ടില്‍ ഉപ്പുരസം തീര്‍ക്കുന്നതും..!! കളി കഴിഞ്ഞാല്‍ നേരെ
പായല്‍ നിറഞ്ഞ അമ്പലക്കുളത്തില്‍ മുങ്ങാന്‍ കുഴിയിട്ടു കളിക്കുന്നതും..ഒടുവില്‍ കലങ്ങിയ കണ്ണുമായ് വീട്ടിലേക്കു വന്നു.. 
വടക്കേ മുറ്റത്തു നിന്നും ആരുമറിയാതെ വസ്തങ്ങള്‍ മാറ്റി... കഴുകാനായ് വെച്ച വസ്ത്രങ്ങള്‍ക്കിടയില്‍ തിരുകി വെക്കുന്നതുമെല്ലാം 
നീ കൊണ്ടു തന്ന ചില അവിസ്മരണീയ നിമിഷങ്ങളല്ലേ?
ഓര്‍മ്മകള്‍ മരിക്കുന്നേയില്ല....... അതു മനസ്സില്‍ അവ്യക്തത സൃഷ്ടിക്കുന്നുമില്ല........!!പക്ഷേ അക്ഷരങ്ങള്‍ കൊണ്ടു വരച്ചു തീര്‍ക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്...
പടിവാതിലിനുമപ്പുറത്തേക്കെന്നെ നിറഞ്ഞ മിഴികളോടേ യാത്രയാക്കുന്ന അമ്മയുടെ മുഖമാണ് ചിലപ്പോള്‍ നിനക്ക് 
മറ്റുചിലപ്പോള്‍.........അതു പിന്നീടൊരിക്കല്‍ ..........!!!

1 comment:

  1. മനസ്സില്‍ വിഷാദമേഘങ്ങള്‍ വല്ലാതെ വേദനിപ്പിക്കുമ്പോള്‍.. അറിയാതെ ആശിച്ചു പോകുന്നതും നിന്‍റെ നനുത്ത സാമീപ്യത്തിനു വേണ്ടിയായിരുന്നു.....!!വേര്‍പാടും, വിരഹവും, ദുഃഖവുമെല്ലാം... നിന്‍റെ ഒരു പെയ്ത്തില്‍ അലിഞ്ഞലിഞ്ഞില്ലാതാവുന്നതു
    എത്രയോ തവണ ഞാനറിഞ്ഞിരിക്കുന്നു.........!!!ഒരായിരം ഹൃദയങ്ങളുടെ ആശ്വാസവാക്കിനേക്കാള്‍ ശക്തിയും, നൈര്‍മ്മല്യവും, ആര്‍ദ്രതയും നിന്‍റെ നനുത്ത സ്പര്‍ശത്തിനു മാത്രമല്ലാതെ വേറെ എന്തിനു നല്‍കാന്‍ കഴിയും........!!

    ReplyDelete